തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാഷ്മീർ വിഷയത്തിൽ ഈ രാജ്യങ്ങൾ ഏതാനും വർഷങ്ങളായി ഇന്ത്യയ്ക്കെതിരായി സംസാരിക്കുന്നവരാണെന്നും ഗവർണർ പറഞ്ഞു.
ഇത്തരം ചെറിയ അഭിപ്രായപ്രകടനങ്ങളേക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. പ്രധാനമന്ത്രിയും ആര്‍എസ്എസ് മേധാവിയും തുടര്‍ച്ചയായി പറയുന്നത് എന്താണ് എന്നതിനാണ് നമ്മള് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്.
ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണെന്ന് പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അതേസമയം, പ്രവാചകനിന്ദയിൽ ഇന്ത്യ മാപ്പുപറയേണ്ടതില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. ഇത്തരമൊരു പ്രസ്താവന നടത്തിയ ഗവർണറെ പിൻവലിക്കണമെന്ന് തൃണമൂൽ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയിലിൽ അയച്ച സന്ദേശത്തിലാണ് തൃണമൂൽ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ ക്ഷമാപണം നടത്തേണ്ട സാഹചര്യം നിലനിൽക്കെ മാപ്പുപറയേണ്ടെന്ന പ്രസ്താവന നടത്തിയ കേരള ഗവർണറെ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
















