കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍. ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസാണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി ഹിൽപാലസ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവർ മൂന്നായി.
നിർമ്മാണത്തിലുള്ള അന്ധകാരത്തോട് പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിലാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എൻജിനീയർ അറസ്റ്റിലായത്. ഐപിസി 304.A വകുപ്പ് പ്രകാരം മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ആണ് കേസ്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഓവർ സിയർ ഇരുമ്പനം സുമേഷ്, കരാറുകാരൻ മൂവാറ്റുപുഴ സ്വദേശി വർക്കിച്ചൻ എന്നിവരെ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയറടക്കം 4 പേരെ ചീഫ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി സസ്പെന്റ് ചെയ്തിരുന്നു.
അതേസമയം അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എരൂർ സ്വദേശി ആദർശിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി കോട്ടയം മെഡിക്കൽ കോളജ് ഡോക്ടർമാർ അറിയിച്ചു.
പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കില്‍ പുലര്‍ച്ചെ വരികയായിരുന്ന എരൂര്‍ സ്വദേശികളായ വിഷ്ണു, ആദര്‍ശ് എന്നീ രണ്ട് യുവാക്കളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഇതില്‍ വിഷ്ണു മരിച്ചു. ഈ പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം.
















