ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന് 43 ലക്ഷം രൂപ പുനര്‍ലേലത്തിലൂടെ ലഭിച്ചു.വിഘ്‌നേഷ് വിജയകുമാര്‍ ആണ് ഥാര്‍ ലേലത്തില്‍ പിടിച്ചത്. ഇന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ ആകെ 15 പേരാണ് പങ്കെടുത്തത്. ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി ഗുരുവായൂര്‍ ദേവസ്വം കൂടുതല്‍ പ്രചാരണം നല്‍കിയിരുന്നു.അതുകൊണ്ട് കൂടുതല്‍ ആളുകളും എത്തി. 43 ലക്ഷത്തിന് പുറമേ ജിഎസ്ടിയും അടക്കണം. 15 ലക്ഷമായിരുന്നു വാഹനത്തിന് നിശ്ചയിച്ചിരുന്ന അടിസ്ഥാന വില.
കഴിഞ്ഞ ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി നല്‍കിയതാണ് വാഹനം. 15.10 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അമല്‍ മുഹമ്മദ് ലേലം കൊണ്ട വാഹനമാണ് പുനര്‍ ലേലത്തില്‍ 43 ലക്ഷം ലഭിച്ചത്. അമല്‍ മുഹമ്മദിന്റെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് ഹിന്ദു സംഘടന കോടതിയെ സമീപിച്ചിരുന്നു. അന്ന് ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രമായിരുന്നു.
ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന അംഗീകാരവും ഥാറിനെ തേടി എത്തിയിരുന്നു. വിപണിയില്‍ എത്തി കുറഞ്ഞ കാലം കൊണ്ട് നിരവധി അവാര്‍ഡുകളാണ് ഈ വാഹനം നേടിയത്.12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
















