തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോ ജോസഫിന്റേതെന്ന പേരിൽ പ്രചരിപ്പിച്ച വ്യാജ അശ്ലീല വിഡിയോകൾ എത്തിയത് വിദേശത്തുനിന്ന്. സൗദിയിലുള്ള അരൂക്കുറ്റി സ്വദേശിയാണു പ്രതികൾക്ക് വിഡിയോ അയച്ചത്. ഇയാളെ ചോദ്യം ചെയ്യാനുള്ള നടപടികൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കേസിൽ 7 പേരായിരുന്നു അറസ്റ്റിലായത് .അവസാനം അറസ്റ്റിലായ അരൂക്കുറ്റി സ്വദേശികളായ നൗഫൽ, നസീർ എന്നിവർക്കാണ് ആദ്യം വിഡിയോ ലഭിച്ചത്. സൗദിയിലുള്ള സുഹൃത്ത് അയച്ച വിഡിയോ ആണ് ജോ ജോസഫിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇവരിൽ നിന്ന് ലഭിച്ച വിഡിയോ കോട്ടയ്ക്കൽ സ്വദേശി വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കി അതിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ദൃശ്യങ്ങളിൽ എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ എന്നുള്ള ചോദ്യം മാത്രമാണു പ്രതികളുമായി ഇയാൾ നടത്തിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം പൊലീസ് കണ്ടെടുത്തു. സൗദിയിലുള്ള ഇയാളുടെ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.ഇയാളുടെ വീട്ടുകാരിൽ നിന്ന് മൊബൈൽ നമ്പർ ശേഖരിക്കാനാണ് പോലീസ് തീരുമാനം.
















