ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍ സമരം തുടങ്ങി. സര്‍വീസുകളൊന്നും മുടങ്ങാതെയാണ് സമരം നടത്തുന്നതെന്ന് സംഘടനകള്‍ അറിയിച്ചു. സിഐടിയുവും ഐഎന്‍ടിയുസി പിന്തുണയ്ക്കുന്ന ടിഡിഎഫുമാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് ഓഫീസിന് മുന്നിലെ സിഐടിയു സംഘടന കെഎസ്ആര്‍ടിസി എംപ്‌ളോയീസ് അസോസിയേഷന്റെ സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. ടിഡിഎഫിന്റെ സമരം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസിന്റെ അനിശ്ചിതകാല ധര്‍ണ സെക്രട്ടറിയേറ്റിന് മുന്നിലും കെഎസ്ആര്‍ടിസിയുടെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും നടക്കും.
200 കോടി പ്രതിമാസ വരുമാനം ലഭിച്ചും അഞ്ചാം തീയതിയായിട്ടും ശമ്പള വിതരണം വൈകുന്നതാണ് ഭരണ-പ്രതിപക്ഷ സംഘനടകളുടെ പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ രണ്ട് മാസങ്ങളിലും 20 ദിവസത്തോളം വൈകിയാണ് ശമ്പള വിതരണം നടന്നത്.
ഡീസല്‍ ചെലവ്, കണ്‍സോര്‍ഷ്യം വായ്പാ തിരിച്ചടവ്, കഴിഞ്ഞമാസം ശമ്പളം നല്‍കാനെടുത്ത 46 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് തിരിച്ചടച്ചടവ് എന്നിവയെല്ലാം വന്നതോടെ കളക്ഷന്‍ വരുമാനം തീര്‍ന്നുവെന്ന് അധികൃതര്‍ പറയുന്നു. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി ബദല്‍ രേഖയും സിഐടിയു ഇന്ന് അവതരിപ്പിക്കും.
















