തിരുവനന്തപുരം: നാവായിക്കുളത്ത് മൊബൈൽ അഡിക്ഷൻ സഹിക്കാൻ പറ്റാതെ ആത്മഹത്യചെയ്ത പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഉച്ചയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ‘ബിടിഎസ്’ അടക്കമുള്ള കൊറിയൻ സംഗീത ബാൻഡുകൾക്ക് അടിയമയായ തനിക്ക് പഠനത്തിൽ ശ്രദ്ധചെലുത്താനാവുന്നില്ലെന്ന് എഴുതിവച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
പത്താംക്ലാസിൽ എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങി പാസായ മിടുമിടുക്കിയാണ് ജീവ. പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചിരുന്നു. അമ്മയും അനിയത്തിയും മുത്തശ്ശനും മുത്തശ്ശിയും ഏറെ സ്നേഹത്തോടെ കഴിയുന്ന കുടുംബം. ജീവാ മോഹന്റെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
ആറ് താളുകളിലായി വലിയ ഒരു കുറിപ്പ് എഴുതിവച്ചാണ് പെൺകുട്ടി ജീവൻ ഒടുക്കിയത്. മൊബൈൽ ഫോണിന് അടിമയായിപ്പോയി, പഠനത്തിൽ ശ്രദ്ധ കിട്ടുന്നില്ല, ഉറ്റകൂട്ടുകാരില്ല തുടങ്ങിയ വിഷമങ്ങളാണ് കത്തിൽ പറയുന്നത്.
















