കൊച്ചി: തൃപ്പൂണിത്തറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കൂട്ടനടപടി. നാല് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍. അസി. എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കൂടാതെ തൃപ്പുണിത്തറയിലെ പാലം അപകടത്തിൽ കരാറുകാർക്കെതിരെ കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിർമ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകട സൂചന ബോർഡുകൾ ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണു എന്ന യുവാവ് മരിച്ചത്. മറ്റുള്ളവരുടെ അശ്രദ്ധയാണ് മകന്റെ ജീവനെടുത്തതെന്ന് അച്ഛന്‍ മാധവന്‍ ആരോപിച്ചു. അപകടം ഒഴിവാക്കാമായിരുന്നു. ഈ അവസ്ഥ ഇനി ആര്‍ക്കും സംഭവിക്കരുതെന്നും വിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.
















