ചിറ്റഗോംഗ്: തെക്കുകിഴക്കൻ ബംഗ്ലാദേശിലെ കണ്ടെയ്നർ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ മരിച്ചു. നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ 20 പേരുടെ നില അതീവ ഗുരുതരമാണ്.
“പരിക്കേറ്റവരിൽ 20 പേരുടെ നില ഗുരുതരമാണ്, അവരുടെ ശരീരത്തിന്റെ 60% മുതൽ 90% വരെ പൊള്ളലേറ്റു”, പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു.
ശനിയാഴ്ച രാത്രിയിൽ സീതഗുന്ദ പട്ടണത്തിലെ കദാംറസൂൽ മേഖലയിലെ ബിഎം കണ്ടെയ്നർ ഡിപ്പോയിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
സ്‌ഫോടനത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങളുടെ ജനാലകൾ തകർന്നതായും 4 കിലോമീറ്റർ (2.4 മൈൽ) ദൂരെയുള്ള പ്രദേശങ്ങളിൽ നിന്ന് സ്‌ഫോടനം അനുഭവപ്പെട്ടതായും പ്രാദേശിക വാർത്താ ഏജൻസിയായ പ്രോത്തോമാലോ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഡിപ്പോയിലെ ചില കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ഇതാണ് സ്ഫോടനത്തിന് കാരണമായതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
















