വാഷിംഗ്ടണ്‍ ഡിസി: സ്വകാര്യ വിമാനം ശനിയാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസിന് മുകളിലൂടെ പറന്നതോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. വ്യോമാതിർത്തി ലംഘിച്ച് വിമാനം എത്തിയതോടെയാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം ബൈഡനും കുടുംബത്തിനും ഭീഷണിയില്ലെന്നു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. സ്ഥിതഗതികള്‍ വിലയിരുത്തിയ ശേഷം ബൈഡനും ഭാര്യ ജില്ലും അവധിക്കാല വസതിയായ ബീച്ച് ഹോമിലേക്ക് മടങ്ങിയിട്ടുണ്ട്.
വാഷിംഗ്ടണിൽ നിന്ന് 200 കിലോമീറ്റർ കിഴക്ക് ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലാണ് സംഭവമുണ്ടായത്. ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പിന്നീട് അവരുടെ വസതിയിലേക്ക് മടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതൊരു ആക്രമണ ശ്രമമല്ല. ചെറു സ്വകാര്യ വിമാനം അബദ്ധത്തില്‍ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ പുറത്താക്കിയതായും യുഎസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സ്വകാര്യ വിമാനത്തിലെ പൈലറ്റ് ശരിയായ റേഡിയോ ചാനലില്‍ ഉണ്ടായിരുന്നില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. യുഎസ് രഹസ്യാന്വേഷണ വിഭാഗം പൈലറ്റിനെ ചോദ്യം ചെയ്യും.
















