25,016 വോട്ടുകളുടെ റിക്കോർഡ് ഭൂരിപക്ഷത്തിൽ ഉമാ തോമസ് തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജയിച്ചത് യുഡിഎഫിന് വലിയ ആവേശം ആയിട്ടുണ്ട്. പല നിരീക്ഷകരുടെയും പ്രവചനങ്ങളെ കവച്ചുവയ്ക്കുന്ന ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് മണ്ഡലം നിലനിർത്തിയത്. ഫലം പുറത്തുവന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉപതെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥിയുടെ വ്യാജ വീഡിയോയും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവും അടക്കം പലവിധ വിവാദങ്ങളും തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ഇതിനിടയിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിതിനിടയിൽ സിപിഎം ഏരിയാ സെക്രട്ടറി അറസ്റ്റിലായി എന്ന വാദവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പോസ്റ്റ് ആണ് ഇന്ന് പരിശോധിക്കാൻ പോകുന്നത്.
‘ബ്രേക്കിംഗ് ന്യൂസ്’ എന്ന തലക്കെട്ടിനു താഴെയായി ‘പാർട്ടി പറഞ്ഞിട്ടാണ് കള്ളവോട്ട് ചെയ്യാൻ വന്നതെന്ന് പിടിക്കപ്പെട്ട ഏരിയാ സെക്രട്ടറി മാധ്യമങ്ങളോട്…’ എന്ന സന്ദേശമുള്ള പോസ്റ്റാണ് വൈറലായത്. എന്നാൽ പോസ്റ്ററിൽ പറയുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. തൃക്കാക്കരയിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടയിൽ അറസ്റ്റിലായ വ്യക്തി സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയല്ല. ചിത്രത്തിൽ ബ്രേക്കിംഗ് ന്യൂസ് എന്നുള്ളത് ഏതോ ചാനലിന്റെ പോസ്റ്റിൽ നിന്ന് മുറിച്ചെടുത്തതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ബാക്കി ഭാഗം കൃതൃമമായി എഴുതി ഉണ്ടാക്കിയതാണെന്നും ഇത് മാധ്യമങ്ങൾ നൽകിയതല്ലെന്നും ഒറ്റനോട്ടത്തിൽ വ്യക്തമാകും. തുടർന്ന് തൃക്കാക്കര മണ്ഡലത്തിൽ കള്ളവോട്ടിനുള്ള ശ്രമങ്ങൾ നടന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞു. അതിൽനിന്നും ഒരു വാർത്തകിട്ടി “സംസ്ഥാന രാഷ്ട്രീയം ആകാംക്ഷാപൂര്‍വ്വം ഉറ്റുനോക്കിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നാണക്കേടായി കള്ളവോട്ട് വിവാദം. മൂന്നിടങ്ങളില്‍ കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചു. പൊന്നുരുന്നി, പാലാരിവട്ടം, കൊല്ലംകുടിമുകള്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി.
“പൊന്നുരുന്നിയില്‍ സഞ്ജു എന്ന വോട്ടറുടെ പേരില്‍ വോട്ടു ചെയ്യാനെത്തിയത് പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനാണ്. പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണെന്നാണ് യുഡിഎഫിന്റെ ആരോപണം. പാലാരിവട്ടത്ത് കാനഡിയിലുള്ള ജോര്‍ജ് ജോസഫിന്റെ പേരില്‍ കള്ളവോട്ട് നടന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. കൊല്ലംകുടിമുകളില്‍ കള്ളവോട്ട് നടന്നതായി ബിജെപിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബൂത്ത് നമ്പര്‍ 147ല്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി. കള്ളവോട്ട് നടന്നതില്‍ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വ്യക്തമാക്കിയിട്ടുണ്ട്.”
മെയ് 31ന് തന്നെ ‘സമകാലിക മലയാളം’ നൽകിയ റിപ്പോർട്ടും ഞങ്ങൾക്ക് കണ്ടെത്താനായി.
‘തൃക്കാക്കരയിൽ കള്ളവോട്ടിന് ശ്രമം; ഒരാൾ കസ്റ്റഡിയിൽ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ റിപ്പോർട്ടിൽ അറസ്റ്റിലായ ആളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെൻറ് സ്കൂൾ ബൂത്തിലാണ് പിറവം പാമ്പാക്കുട സ്വദേശി ആൽബിൻ പോലീസ് കസ്റ്റഡിയിലായതെന്നാണ് ഈ റിപ്പോർട്ടിലും പറയുന്നത്. ടി എം സഞ്ജുവെന്ന ആളുടെ വോട്ട് ചെയ്യുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായതെന്നും ഇതിൽ പറയുന്നുണ്ട്. യുഡിഎഫ്, ബിജെപി ബൂത്ത് ഏജന്റുമാരുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയാണുണ്ടായത്. അറുപത്തിയാറാം വാർഡിലാണ് സംഭവം നടന്നതെന്നാണ് 24 ന്യൂസ് പറയുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശനെ പ്രതികരണവും റിപ്പോർട്ടിനൊപ്പം ചേർത്തിരുന്നു. വ്യാജ ഐഡി കാർഡ് നിർമ്മിച്ച കൊണ്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ
മുംബൈയിലുള്ള ആളുടെ പേരിൽ കള്ളവോട്ട് ചെയ്യാനെത്തിയതെന്നും, ബാന്ധപ്പെട്ടപ്പോൾ വരില്ലെന്ന് ഇയാൾ അറിയിച്ചിരുന്നതായും സതീശൻ പറഞ്ഞു. ഒരു ഐഡി കാർഡ് മാത്രമായി എന്തായാലും സിപിഎം നിർമ്മിച്ചിരിക്കാൻ ഇടയില്ല. അതുകൊണ്ട് വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചിരിക്കാമെന്ന് വിഡി സതീശൻ ആരോപിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.