കൊച്ചി: ആലുവയില്‍ രണ്ട് മക്കളേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം പിതാവും പുഴയിലേക്ക് എടുത്തുചാടി. കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരൻ മക്കളായ ഏകനാഥ്, കൃഷ്ണപ്രിയ എന്നിവരാണ് മരിച്ചത്. ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർഥിയും കൃഷ്ണപ്രിയ പ്ലസ് വൺ വിദ്യാർഥിനിയുമാണ്.
വൈകീട്ട് അഞ്ച് മണിമുതല്‍ നടപ്പാലത്തില്‍ പിതാവും കുട്ടികളും നില്ക്കുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു ദൃക്സാക്ഷി പറയുന്നു. മക്കളുമൊത്ത് ഉലാത്തിയിരുന്ന പിതാവ് അപ്രതീക്ഷിതമായി ആണ്‍കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങിപ്പോള്‍ പെണ്‍കുട്ടിയേയും പിതാവ് പുഴയിലെറിഞ്ഞ ശേഷം പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.
ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് വിദഗ്ധരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൂവരും സ്കൂട്ടറിലാണ് ഈ ഭാഗത്തേക്ക് എത്തിയത്. ഇടപ്പള്ളി പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് ഉല്ലാസ് മക്കളുമായി പോയതെന്ന് ഭാര്യ പറയുന്നു. പുഴയിലേക്ക് ചാടിയ പിതാവിനായി പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.
















