ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന ബോഡി സ്‌പേയുടെ പരസ്യം സംപ്രേഷണം ചെയ്യുന്നത് നിർത്തിവെയ്ക്കാൻ നിർദേശം നൽകി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. കൂട്ടബലാത്സംഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന പെർഫ്യൂം ബ്രാൻഡിന്റെ പരസ്യത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചിരുന്നു.
പ്രശസ്തമായ ഡിയോഡറന്റ് നിർമ്മാതാക്കളായ ലെയറിന്റെ ഷോട്ട് എന്ന ബോഡി സ്‌പ്രേയുടെ പരസ്യമാണ് ഇത് . പരസ്യ നിർമ്മാതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും മാധ്യമങ്ങളിൽ നിന്നും പരസ്യം നീക്കം ചെയ്യാനും ആവശ്യപ്പെട്ട് ഡൽഹി സർക്കാരിനും വനിതാ കമ്മീഷൻ കത്തയച്ചിരുന്നു. വിഷയം പരിശോധിച്ച് ജൂൺ ഒൻപതിനകം വിശദീകരണം നൽകണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു സൂപ്പർമാർക്കറ്റിൽ ഷോപ്പിംഗ് നടത്തി കൊണ്ടിരിക്കുന്ന പെൺകുട്ടിയും അവരെ കമന്റ് അടിക്കുന്ന നാല് ചെറുപ്പക്കാരുമാണ് പരസ്യത്തിലുള്ളത്. പെൺകുട്ടിയെ നോക്കി ചെറുപ്പക്കാർ അശ്ലീല പരാമർശം നടത്തുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ‘നമ്മൾ നാലു പേരുണ്ട്, ഇത് ഒരെണ്ണമേ ഉള്ളൂ’ എന്നുപറയുന്നതും, സാധനങ്ങൾ നോക്കുന്ന പെൺകുട്ടിയുടെ പിറകിൽ നിന്ന് ‘ഷോട്ട് ആരെടുക്കും’ എന്ന് ചോദിക്കുന്നതും ആണ് പരസ്യത്തിൽ കാണിച്ചിരിക്കുന്നത്. വലിയ വിമർശനമാണ് പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
പരസ്യത്തിൽ ബ്രോഡ് കാസ്റ്റിംഗ് ചട്ടത്തിന്റെ ലംഘനമുണ്ടായോ എന്ന് അന്വേഷണം നടത്തുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. യുട്യൂബിനോടും ട്വിറ്ററിനോടും പരസ്യം താത്കാലികമായി നിർത്തിവെയ്ക്കാനും കേന്ദ്രം നിർദ്ദേശിച്ചു.
















