തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. തിങ്കളാഴ്‍ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സിഐടിയു. അന്ന് മുതൽ തന്നെ രാപ്പകൽ സമരം ഐഎൻടിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ബിഎംഎസും പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നലെ ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ മാനേജ്മെന്റ് വിളിച്ച യോഗം തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചിരുന്നു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ യോഗം ബഹിഷ്കരിച്ചത്.
















