കീവ്: കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ പട്ടാളം മുന്നേറുന്നതായി റിപ്പോർട്ടുകൾ. ഡോൺബാസിന്റെ ഭാഗമായ ലുഹാൻസ് പ്രവിശ്യയുടെ തൊണ്ണൂറു ശതമാനവും റഷ്യൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലായെന്നു ബ്രിട്ടീഷ് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം പ്രവിശ്യ മുഴുവനായി പിടിച്ചെടുക്കാനും സാധ്യത ഉണ്ട്.
റഷ്യൻ അധിനിവേശം ഇന്നലെ നൂറാം ദിവസത്തിലെത്തിയ സാഹചര്യത്തിലാണു ബ്രിട്ടൻ ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്ൻ ഭൂമിയുടെ ഇരുപതു ശതമാനവും റഷ്യൻ നിയന്ത്രണത്തിലാണെന്നു പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചിരുന്നു. റഷ്യൻ ആക്രമണം വളരെനാൾ നീളാമെന്നും യുക്രെയ്നെ സഹായിക്കാൻ പാശ്ചാത്യർ ഒരുങ്ങിയിരിക്കണമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് വ്യക്തമാക്കി.
















