ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയിലെ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 30 സ്ത്രീ തൊഴിലാളികൾ ആശുപത്രിയില്‍. 30 പേരെയാണ് പ്രദേശത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിശാഖപട്ടണത്തെ പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. മരുന്ന് കമ്പനിയുടെ അടുത്തായി പ്രവർത്തിക്കുന്ന തുണിമില്ലില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഇതോടെ ശാരീരിക അസ്വസ്ഥതയുണ്ടായത്.
അബോധാവസ്ഥയിലുള്ളവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാല് പേര്‍ സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
1800ഓളം പേരാണ് വസ്ത്രനിര്‍മ്മാണശാലയിൽ ജോലി ചെയ്തിരുന്നത്. ഫാക്ടറിയില്‍ ചോര്‍ച്ചയുണ്ടാവുകയും തൊഴിലാളികള്‍ക്ക് പലര്‍ക്കും ഛര്‍ദി അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊഴിലാളികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കണമെന്നും അപകടത്തെ കുറിച്ച് വിശദമായി സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
















