കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥി ഉമാ തോമസിന് മിന്നും വിജയം. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ വിജയിച്ചിരിക്കുന്നത്. 24,300 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം. തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാൻ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമ തോമസ് ഇപ്പോൾ തൂത്ത് എറിഞ്ഞിരിക്കുന്നത്. ഇതോടെ പി ടി തോമസിന്റെ പിൻഗാമിയായി പ്രിയതമ ഉമാ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
ആറു റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഉമ തോമസ് ഭർത്താവും മുൻ എംഎൽഎയുമായ പി ടി തോമസിന്റെ ഭൂരിപക്ഷം പിന്നിട്ടിരുന്നു. 14,239 ആയിരുന്നു പി ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. മണ്ഡലത്തിന്റെ ചരിത്രത്തെ എല്ലാം അപ്രസക്തമാക്കിയായിരുന്നു ഇത്തവണത്തെ ഉമ തോമസിന്റെ വിജയ കുതിപ്പ്.
















