ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തെ തുടർന്ന് 424 വിഐപികളുടെ സുരക്ഷ പുനഃസ്ഥാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. സുരക്ഷാ പിന്‍വലിക്കപ്പെട്ടവരുടെ പട്ടിക ചോര്‍ന്നിരുന്നു.ഈ സംഭവത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് നീക്കം. ഇത് ഈ മാസം 7ന് പ്രാബല്യത്തില്‍ വരും.
സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിന് അധിക ഉദ്യോഗസ്ഥരെ ആവശ്യമാണെന്നും അതിനാല്‍ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നായിരുന്നു സര്‍ക്കാര്‍ വാദം. സിദ്ധു കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് മുൻ എംഎല്‍എമാരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചത്. വിരമിച്ച നിരവധി ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ശിരോമണി അകാലിദള്‍ (എസ്എഡി) നേതാക്കളായ ചരണ്‍ ജീത് സിംഗ് ധില്ലന്‍, ബാബാ ലഖാ സിംഗ്, സത്ഗുരു ഉദയ് സിംഗ്, സന്ത് തര്‍മീന്ദര്‍ സിംഗ് എന്നിവരുടെ സുരക്ഷയും ഇക്കൂട്ടത്തില്‍ പിന്‍വലിച്ചിരുന്നു. വിഐപികളുടെ സുരക്ഷ പരിമിത കാലത്തേക്ക് മാത്രമാണ് വെട്ടിക്കുറച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കടുത്ത വിമര്‍ശനമാണ് നേരിട്ടത്.
















