ന്യൂഡൽഹി: അമിത്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ജമ്മു കാഷ്മീരിലെ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരേ സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്.
ക്രിക്കറ്റിനോട് അമിതതാത്പര്യം കാണിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് കായികമന്ത്രാലയത്തിന്‍റെ ചുമതല നൽകുന്നതാണ് നല്ലതെന്നാണ് സ്വാമിയുടെ അഭിപ്രായം.
കാഷ്മീരിൽ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്. എന്നാൽ എല്ലാ ദിവസവും അവിടെ ഒരു കാഷ്മീരി ഹിന്ദുവെങ്കിലും വെടിയേറ്റ് കൊല്ലപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അമിത്ഷായുടെ രാജി ആവശ്യപ്പെടുന്നതെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.
അതേസമയം കശ്മീരിലെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുൽഗാമിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയതിന് പിന്നാലെയിരുന്നു അമിത് ഷാ – അജിത് ഡോവൽ കൂടിക്കാഴ്ച.
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ് രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ തങ്ങളാണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഭീകരസംഘടന രംഗത്തെത്തിയത്.
















