ന്യൂഡൽഹി: എന്തിനാണ് എല്ലാ മസ്ജിദുകളിലും ശിവലിംഗം തെരയുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജ്ഞാൻവാപി മസ്ജിദ് തർക്കത്തിൽ കോടതി വിധി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രം ആർക്കും മാറ്റാനാവില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്ലിംകളോ ഉണ്ടാക്കിയതല്ല അത്, സംഭവിച്ചതാണ്. ഓരോ ദിവസവും പുതിയ വിഷയങ്ങളുമായി വരരുത്. കോടതി എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കണം. അതിനെ ചോദ്യം ചെയ്യരുത്.
ഇസ്ലാം ആക്രമണകാരികൾ വഴിയാണ് രാജ്യത്ത് എത്തിയത്. അക്രമണത്തിൽ ദേവസ്ഥാനങ്ങൾ തകർത്തത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യം ആഗ്രഹിച്ചവരുടെ ആത്മവീര്യം ഇല്ലാതാക്കാൻ വേണ്ടിയാണെന്നും മോഹൻ ഭഗവത് പറഞ്ഞു.
ജ്ഞാൻവാപി ഭക്തിയുമായി ബന്ധപ്പെട്ടതാണ്. അതിനനുസരിച്ചാണ് കാര്യങ്ങൾ ചെയ്തതത്. അത് ശരിയാണ്. പക്ഷെ എന്തിനാണ് എല്ലാ മസ്ജിദുകളുടെ അടിയിലും ശിവലിംഗം തെരയുന്നതെന്നും ആർഎസ്എസ് മേധാവി ചോദിച്ചു. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി പ്രക്ഷോഭങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
















