എല്‍ ജെ ഡി സംസ്ഥാന സമിതിയിൽ എല്‍ജെഡി – ജനതാദള്‍ (എസ്) ലയനം ഉടനെന്നു തീരുമാനം. കോഴിക്കോട് നടന്ന എല്‍ ജെ ഡി സംസ്ഥാന സമിതിയിൽ ആണ് തീരുമാനം. അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തര്‍ക്കമില്ലെന്നും വിയോജിപ്പുകള്‍ പരിഹരിച്ചെന്നും സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ അറിയിച്ചു.
ലയന സമ്മേളനം ഉടന്‍ നടത്തും. ഭാരവാഹിത്വം തുല്യമായി വീതിക്കാനാണ് തീരുമാനമെന്നും ശ്രേയാംസ് കുമാര്‍ അറിയിച്ചു.ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ലയനത്തില്‍ എതിര്‍പ്പുള്ളവരുമുണ്ട്. ഇതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. സ്ഥാനങ്ങള്‍ ലയനത്തിന് വിലങ്ങുതടിയല്ല. ദേശീയതലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് അനിവാര്യമാണ്. ലയനം സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങള്‍ ജെ ഡി എസ് നേതൃത്വുമായി ആലോചിച്ച് തീരുമാനിക്കും എന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. എല്‍ജെഡി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ശ്രേയാംസ് കുമാര്‍ അറിയിചെന്നും വിവരമുണ്ട്.
സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ജനതാദള്‍ (എസ്) എന്നീ പാര്‍ട്ടികളില്‍ ഒന്നില്‍ ലയിക്കാന്‍ എല്‍ജെഡി സംസ്ഥാന സമിതി നേരത്തെ തീരുമാനമെടുത്തിരുന്നു. മൂന്നു പാര്‍ട്ടികളുമായും ചര്‍ച്ച നടത്താന്‍ ഏഴംഗ ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് മാതൃസംഘടനയായ ജെഡിഎസില്‍ ലയിക്കാന്‍ തീരുമാനിച്ചത്.
















