വിഎച്ച്പിയുടെ വനിതാവിഭാഗമായ ദുര്‍ഗാവാഹിനി നെയ്യാറ്റിന്‍കരയില്‍ നടത്തിയ ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ വാളേന്തി കൊണ്ട് പ്രകടനത്തില്‍ പങ്കെടുത്ത സംഭവം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംഭവം ചര്‍ച്ചയായതോടെ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. ഇതിനു ശേഷം സമൂഹമാധ്യമങ്ങളില്‍ സജീവമായ പ്രചാരണമുണ്ട്. വാളും മറ്റ് ആയുധങ്ങളുമായി മുന്‍പ് നടന്ന റാലികളും പ്രകടനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കപ്പെട്ടു. ഇത്തരത്തിലൊന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ വാളും പിടിച്ച് നില്‍ക്കുന്ന ഒരു ചിത്രം. ‘പരട്ട ചങ്കന്റെ കയ്യിലെന്താ ഇരിക്കണേ.. മോദിക്കെതിരെ യുത്തം പ്രഖ്യാപിച്ച മറ്റേ പരിപാടിയിലെ ഫോട്ടം’ എന്നുള്ള കുറിപ്പിനൊപ്പം ആണ് ചിത്രം പ്രചരിച്ചത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ഈ ചിത്രം മോദി സര്‍ക്കാരിനെതിരായി സംഘടിപ്പിച്ച പരിപാടിയിലേതല്ല.
പ്രചരിക്കുന്ന ചിത്രത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എംപി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി തുടങ്ങിയവരെ കാണാനാകുന്നുണ്ട്. ചിത്രം പരിശോധിച്ചപ്പോൾ സമാനമായ ഫോട്ടോ ഉള്‍പ്പെടുന്ന നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. ഇവ പ്രകാരം 2018 ഡിസംബറില്‍ ചെന്നൈയില്‍ നടന്ന പരിപാടിയാണിത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായ എം.കരുണാനിധിയുടെ പ്രതിമ അനാശ്ചാദനം ചെയ്യുന്ന ചടങ്ങാണിത്. മറിച്ച് ബിജെപിക്കെതിരായ രാഷ്ട്രീയ സമ്മേളനമോ, തിരഞ്ഞെടുപ്പ് റാലിയോ ഒന്നും ആയിരുന്നില്ല.
കരുണാനിധിയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമ അനാശ്ചാദനം ചെയ്തത് സോണിയ ഗാന്ധിയായിരുന്നു. ഈ ചടങ്ങിന് ശേഷം തൊട്ടടുത്ത് സജീകരിച്ച വേദിയിലെത്തിയാണ് നേതാക്കള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന പരിപാടയില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്തതിനാല്‍ പ്രതിപക്ഷ ഐക്യമായാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന അഭിപ്രായം സ്റ്റാലിന്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ പിതാവിന്റെ പ്രതിമ അനാശ്ചാദന ചടങ്ങിനെത്തിയ നേതാക്കള്‍ക്ക് സ്റ്റാലിന്‍ വാള്‍ സമ്മാനിക്കുകയായിരുന്നു. ഇതാണ് നേതാക്കള്‍ എല്ലാവരും ഒന്നിച്ച് ഉയര്‍ത്തിക്കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതോടെ മോദിക്ക് എതിരായി യുദ്ധം പ്രഖ്യാപിച്ച സമ്മേളനം എന്ന രീതിയിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്.