കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ സോണിയാ ഗാന്ധി സ്വയം ഐസോലേഷനിലേയ്ക്കു മാറി.ബുധനാഴ്ച വൈകുന്നേരമാണ് സോണിയ ഗാന്ധിക്ക് അസ്വസ്ഥതകള്‍ തുടങ്ങിയത്.അത്യാവശ്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ നടന്നതായും സോണിയ സുഖം പ്രാപിച്ചു വരുന്നതായും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. ഇപ്പോള്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്. 2-3 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച സോണിയ ഗാന്ധി നേതാക്കളുമായും പ്രവര്‍ത്തകരുമായുമൊക്കെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരില്‍ ചിലര്‍ പിന്നീട് കോവിഡ് പോസിറ്റീവ് ആയിരുന്നു .കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും എംപി രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. സമന്‍സ് പ്രകാരം ഹാജരാകാനിരിക്കെയാണ് സോണിയാ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ജൂണ്‍ എട്ടിന് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.
















