ഏകതാ പ്രതിമയിലെ ശുചീകരണ തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി ആരോപണം. 150ഓളം ആദിവാസി ശുചീകരണ തൊഴിലാളികളെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. ടൂറിസം റെഗുലേറ്ററി അതോറിറ്റി ശുചീകരണ കരാർ അവസാനിപ്പിക്കുകയായിരുന്നു.ഏകതാ പ്രതിമ സ്ഥാപിച്ചപ്പോൾ തദ്ദേശീയരായ ആദിവാസികൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ പെട്ടന്നുള്ള കരാർ മാറ്റം തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തെ തന്നെ മോശമായി ബാധിച്ചിരിക്കുകയാണ്.
ഖാൻഗി എന്ന ഏജൻസിയിലുള്ളവർക്കാണ് ആദ്യം കരാർ കൊടുത്തിരുന്നത്. ഇപ്പോൾ കൊടുത്ത വഡോദരയിലെ മുൻസിപ്പൽ കോർപ്പറേഷനിൽ യന്ത്രങ്ങളാണ് ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ജോലി നഷ്ടമായവരെല്ലാം ഏകതാ പ്രതിമ ഇരിക്കുന്ന സ്ഥലത്തെ യഥാർത്ഥ അവകാശികളാണെന്ന് പ്രാദേശിക വനിതാ നേതാവ് കോകില ബെൻ പറയുന്നു. ആദിവാസികളുടേതായിരുന്ന ഭൂമിയിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. മനുഷ്യന് പകരം യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള തീരുമാനം എടുത്തതോടെ ഇത്തരക്കാർക്ക് ജോലിയും ഭൂമിയും നഷ്ടമായെന്നും കോകില ആരോപിച്ചു.
കഴിഞ്ഞ നാല് വർഷമായി ഇവിടെ വൃത്തിയാക്കുന്നത് ഞങ്ങളാണെന്നും ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്നും ശുചീകരണ തൊഴിലാളികൾ പറയുന്നു. ജോലിയിൽ നിന്നും പിരിച്ചു വിട്ടെങ്കിലും ഉത്തരവൊന്നും കൈമാറിയിട്ടില്ല. 2018 മുതൽ ജോലി ചെയ്യുന്നവരെയാണ് യാതൊരു മുന്നറിയിപ്പും കൂടാതെ പിരിച്ചു വിട്ടിരിക്കുന്നത്. സർക്കാർ ഒരു വശത്ത് തൊഴിൽ നൽകുമെന്ന് പറയുകയും മറുവശത്ത് അവരുടെ ജോലികൾ ഇല്ലാതാക്കുകയുമാണെന്ന് തൊഴിലാളികൾ പരാതി പറയുന്നു.
















