മുംബൈ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെയുടെ (കൃഷ്ണകുമാർ കുന്നത്ത്) മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടന്നത്.
അതേസമയം കെകെയുടെ മൃതദേഹം കൊൽക്കത്തയിൽ നിന്നും മുംബൈയിലെ വസതിയിലെത്തിച്ചു. നാളെ രാവിലെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. മുക്തിദാൻ ശ്മശാനത്തിൽ രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് സംസ്‌കാരം.
കൊൽക്കത്തയിലെ നസ്‍രുൾ മഞ്ച ഓഡിറ്റോറിയത്തിൽ രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്. രാത്രി പത്തരയോടെ ക്ഷീണം അനുഭവപ്പെട്ട കെ കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കെ കെയെ സിഎംആർഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചിരുന്നു.
കെ കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പോലീസ് കേസെടുത്തു. അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് ബംഗാൾ സർക്കാറിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
കെ കെയുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. ഇത് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പോലീസ് കേസെടുക്കുകയായിരുന്നു. കൊല്‍ക്കത്ത ജോയിന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കെകെ താമസിച്ച സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. രണ്ടുപേരെ ചോദ്യം ചെയ്തു.
















