ഡല്‍ഹി: സംപ്രേഷണ വിലക്കിന്‍റെ കാരണം മീഡിയവണിനെ അറിയിക്കേണ്ടതില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകള്‍ മീഡിയ വണ്ണിന് കൈമാറാനാകില്ല. കൈമാറിയാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഡയറക്ടര്‍ വൃന്ദ മനോഹര്‍ ദേശായിയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സുരക്ഷ ക്‌ളിയറന്‍സ് നിഷേധിക്കാനുള്ള കാരണം ചാനല്‍ ഉടമകളെ അറിയിക്കേണ്ടതില്ല. ഇത് സര്‍ക്കാരിന്റെയും, സര്‍ക്കാര്‍ സംവിധാനങ്ങളുടെയും താത്പര്യം കണക്കിലെടുത്തുള്ള നയമാണ്. എന്നാല്‍ മീഡിയ വണ്ണിന് സംപ്രേക്ഷണ അനുമതി നിഷേധിച്ചതായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിക്ക് മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ അവ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കോടതി ആവശ്യപ്പെട്ടാൽ ഇനിയും വിവരങ്ങൾ സമർപ്പിക്കാമെന്നും വാർത്താവിതരണവകുപ്പ് ഡയറക്ടർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. കേസിൽ മറുപടി നൽകാൻ കേന്ദ്രം രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. ഒടുവിൽ വേനലവധിക്ക് ശേഷം അന്തിമവാദം നിശ്ചയിച്ചതിനെത്തുടർന്നാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
ചാനലിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി മാർച്ച് 15-ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു വിധി. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ദേശസുരക്ഷക്ക് വെല്ലുവിളിയാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളി സംപ്രേഷണം തല്‍ക്കാലത്തേക്ക് തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
















