മലപ്പുറം: മലപ്പുറത്തു കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് പിടിയിലായത്.
ഇന്നലെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്ന അലി അസ്കര്‍, സുനീഷ് എന്നവരാണ് സംഭവത്തിൽ ഇന്നലെ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് ചട്ടിപറമ്പിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് വെച്ച് കാട്ടുപന്നി വേട്ടയ്ക്കിടെ ഇര്‍ഷാദിന് വയറിന് വെടിയേല്‍ക്കുന്നത്. കൂടെയുണ്ടായിരുന്ന സൂനീഷും അലി അസ്കറും ചേര്‍ന്നാണ് ഗുരുതര പരിക്കുകളോടെ ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അബദ്ധത്തില്‍ വെടിയേറ്റു എന്നായിരുന്നു പൊലീസ് നിഗമനമെങ്കിലും പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് കൊലക്കുറ്റമാണ് ചുമത്തിയത്.
















