തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
11 ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
















