അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാർഡിൽ നുഴഞ്ഞു കയറി ഭീഷണി സന്ദേശം എഴുതിയത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ.രണ്ട് പേർ ചേർന്നാണ് സന്ദേശം എഴുതിയതെന്ന് പോലീസ് കണ്ടെത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടക്കുകയാണ്.
യാർഡിൽ നുഴഞ്ഞു കയറിയ അജ്ഞാതർ പമ്പ ട്രെയിനിന്റെ പുറത്ത് ‘ ആദ്യ സ്‌ഫോടനം കൊച്ചിയിൽ’ എന്നാണ് ഇംഗ്ലീഷിൽ എഴുതിവെച്ചത്. ഇത് കടുത്ത സുരക്ഷാ ഭീഷണി ഉയർത്തുന്നതാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പോലീസിന് പുറമെ എൻഐഎയും കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം എഴുതിവെച്ച ട്രെയിനിന്റെ സർവ്വീസ് നിർത്തി വെച്ചു.
കൊച്ചി സിറ്റി പോലീസും മെട്രോ അധികൃതരും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എറണാകുളം ആലുവ റൂട്ടിൽ മുട്ടം സ്റ്റേഷനും അമ്പാട്ടുകാവ് സ്റ്റേഷനും ഇടയിലാണ് 45 ഏക്കറിലുള്ള മുട്ടം മെട്രോ യാർഡ്. സർവ്വീസിന് ശേഷം എല്ലാ ദിവസവും ഇവിടെ എത്തിച്ച് എല്ലാ ട്രെയിനുകളും പരിശോധന നടത്താറുണ്ട്. യാർഡിന് ചുറ്റം പത്തടി ഉയരമുള്ള മതിൽക്കട്ടിന് മുകളിൽ കമ്പി വേലിയുമുണ്ട്. ഇതിനോട് ചേർന്നാണ് മെട്രോ ജീവനക്കാരുടെ കോട്ടേഴ്‌സ്. മെട്രോയുടെ ഓപ്പറേഷൻ കൺട്രോൾ റൂം, ഓട്ടോമാറ്റിക് ട്രെയിൻ കൺട്രോൾ സംവിധാനം, വൈദ്യുതി സബ്‌സ്‌റ്റേഷൻ എന്നിട മെട്രോ യാർഡിലാണ്. 24 മണിക്കൂറും ജോലിക്കാരുമുണ്ട്. ഈ സുരക്ഷാ മേഖലയിലാണ് നുഴഞ്ഞുകയറ്റം ഉണ്ടായത്.
















