മഞ്ചേരി: ജില്ലയുടെ ജനറൽ ആശുപത്രിയെന്ന സ്വപ്നത്തിന് കരിനിഴൽ വീഴ്ത്തി സംസ്ഥാന സർക്കാർ. മഞ്ചേരിയിൽ ജനറൽ ആശുപത്രി അനുവദിക്കാൻ നിർവാഹമില്ലെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി യു.എ. ലത്തീഫ് എം.എൽ.എയെ രേഖാമൂലം അറിയിച്ചു.
കഴിഞ്ഞ വർഷം മേയ് 28ന് എം.എൽ.എ ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനത്തിനാണ് ഒരു വർഷത്തിന് ശേഷം നിരാശപ്പെടുത്തുന്ന മറുപടി ലഭിച്ചത്. ഏറനാട് താലൂക്കിൽ മലപ്പുറത്തും അരീക്കോട്ടുമായി രണ്ട് താലൂക്ക് ആശുപത്രികൾ പ്രവർത്തിക്കുന്നു എന്നതാണ് ജില്ലക്ക് ജനറൽ ആശുപത്രി അനുവദിക്കാതിരിക്കാൻ സർക്കാർ നിരത്തുന്ന ന്യായം.
കിഫ്ബിയിൽ ഉൾപ്പെടുത്തി അരീക്കോട് താലൂക്ക് ആശുപത്രി നവീകരിക്കുമ്പോൾ കൂടുതൽ സൗകര്യം ലഭിക്കുമെന്നും കത്തിലുണ്ട്. ഇതിന് പുറമെ മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടർമാരുടെയും ഹൗസ് സർജന്മാരുടെയും സേവനം ലഭിക്കുന്നതിനാൽ എന്തിനാണ് ജനറൽ ആശുപത്രിയെന്നും സർക്കാർ ചോദിക്കുന്നു. ഒരു ജനറൽ ആശുപത്രിയിൽനിന്ന് ലഭിക്കുന്നതിനേക്കാൾ മികച്ച സേവനമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ലഭിക്കുന്നതെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നു. മഞ്ചേരിയിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടയിലാണ് സർക്കാറിൻറെ വിചിത്രമായ മറുപടി എന്നതും ശ്രദ്ധേയം.
















