കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയില്‍. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് ആണ് പിടിയിലായത്.
കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പ്രാഥമികമായി പൊലീസ് നൽകുന്ന വിവരം. എന്നാല്‍ ഔദ്യോഗികമായ ഭാരവാഹിത്വം ഉള്ളതായി പോലീസ് വ്യക്ത വരുത്തിയിട്ടില്ല.
ഇന്നലെ രാത്രിയാണ് അബ്ദുൽ ലത്തീഫിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. മദ്യപിച്ച് തെരുവിൽ കിടക്കുന്ന അവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാൾക്ക് ബോധം ലഭിച്ചിട്ടില്ലെന്നും അതിന് ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ട്വിറ്ററിൽ വ്യാജ ഹാൻഡിലുണ്ടാക്കിയാണ് ഇയാൾ വിഡിയോ അപ്ലോഡ് ചെയ്തത്. ഈ ഹാൻഡിലിൻ്റെ ബേസിക്ക് ലിങ്ക് ആയി നൽകിയത് ഇയാളുടെ ഒറിജിനൽ ഹാൻഡിൽ ആയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
















