ഇടുക്കി: പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം തമിഴ് നാട്ടിലേക്ക് രക്ഷപെട്ടവരാണ് കസ്റ്റഡിയിലായത്. പൂപ്പാറ സ്വദേശികളാണ് ഇരുവരും.
കേസിൽ നാലു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ബംഗാൾ സ്വദേശികളും പോലീസ് കസ്റ്റഡിയിലുണ്ട്. ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് വന്ന ദമ്പതിമാരുടെ മകളാണ് കഴിഞ്ഞ ദിവസം പീഡിപ്പിക്കപ്പെട്ടത്.
ഞായറാഴ്ച വൈകീട്ട് ആണ്‍സുഹൃത്തിനൊപ്പം ശാന്തന്‍പാറയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. തേയിലത്തോട്ടത്തില്‍വെച്ച് ആണ്‍സുഹൃത്ത് മദ്യപിച്ചിരുന്നു. ആ സമയത്ത് സ്ഥലത്തെത്തിയ ആറുപേര്‍ ആണ്‍സുഹൃത്തിനെ അടിച്ചോടിക്കുകയും പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചഴിച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ബഹളം വെച്ച് ആളെ കൂട്ടി എത്തുമ്പോഴേക്കും അക്രമികള്‍ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി ഇടുക്കി എസ്.പി ആര്‍.കറുപ്പ് സാമി സ്ഥിരീകരിച്ചു.
പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവ സ്ഥലത്ത് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
















