കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹർജിയിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും. ഒരു തരത്തിലും കേസിൽ ഇടപെടാൻ ശ്രമിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കും.
കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യവും കോടതി ഇന്ന് പരിഗണിച്ചേക്കും. ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി റിർപ്പോർട്ട് നൽകാനായിരുന്നു കോടതി നൽകിയിരുന്ന നിർദേശം. ഇതിൽ സാവകാശം തേടിയും സർക്കാർ ഹർജി നൽകിയിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അനൂപിന്റെ മൊബൈൽ ഫോണുകളുടെ പരിശോധനയിലാണ് തെളിവ് കിട്ടിയതെന്നും ഈ സാഹചര്യത്തിൽ സൈബർ രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് കൂടുതൽ സമയം വേണമെന്നുമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്.
പുതിയ നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസമാണ് സാവകാശം തേടുന്നത്. വിചാരണക്കോടതിയ്ക്ക് എതിരെ ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്.
















