ബെയ്ജിംഗ്: ചൈനയുടെ വാണിജ്യതലസ്ഥാനമായ ഷാങ്ഹായിൽ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണം ഇന്ന് പിൻവലിക്കും. രണ്ടുമാസമായി നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയായിരുന്നു. ഇതേത്തുടർന്നു പ്രതിസന്ധിയിലായ സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്.
ഞായറാഴ്ച വരെയുള്ള 24 മണിക്കൂറിൽ രോഗബാധിതരുടെ എണ്ണം 170ൽനിന്ന് 122ലേക്കു താഴ്ന്നതോടെയാണു നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായത്. രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ബെയ്ജിംഗിൽ നിയന്ത്രണം ഭാഗികമായി പിൻവലിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ പൊതു ഗതാഗത സംവിധാനം പുനരാരംഭിച്ചതോടൊപ്പം ഷോപ്പിംഗ് മാളുകളും മറ്റും തുറക്കുകയും ചെയ്തു.
അതേസമയം, ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ പൊതുഗതാഗതം എടുക്കുന്നതിന് 72 മണിക്കൂർ മുമ്പ് നെഗറ്റീവ് കൊവിഡ് ടെസ്റ്റ് ഹാജരാക്കേണ്ടതുണ്ട്.
















