കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് നേരത്തെ കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
നിലവിൽ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയിൽ എത്തിച്ചേരും. വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ യാത്ര വിജയ് ബാബു മാറ്റുകയായിരുന്നു.
നിയമത്തിന്‍റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വിജയ് ബാബു നാട്ടിലെത്തുമെന്നാണ് കരുതിയിരുന്നത്. അതിന് ടിക്കറ്റുമെടുത്തിരുന്നു. ഇത് കോടതിയിൽ അഭിഭാഷകൻ ഹാജരാക്കുകയും ചെയ്തതാണ്. എന്നാൽ, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് കിട്ടാത്തതിനാല്‍ വിജയ് ബാബു യാത്ര മാറ്റുകയായിരുന്നു.
















