മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിച്ചിരുന്ന മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം. ചെന്നൈയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ടാക്സ് പെയർ സർവീസസിലേക്കാണ് സ്ഥലംമാറ്റം. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന്റേയും ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലുമാണ് നടപടി.
ആര്യന്‍ ഖാന്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ. ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തയുടന്‍ വൈദ്യ പരിശോധന നടത്തിയില്ലെന്നതുള്‍പ്പെടെ വാങ്കഡെയുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഡിയോ ചിത്രീകരിക്കാതെയാണ് റെയിഡ് നടത്തിയതെന്നായിരുന്നു ആര്യന്‍ ഖാന്‍ കേസില്‍ വാങ്കഡെയ്‌ക്കെതിരായ മറ്റൊരു ആരോപണം.
ഷാരൂഖ് ഖാനില്‍ നിന്നും പണം തട്ടാന്‍ അന്നത്തെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ പദ്ധതിയിട്ടിരുന്നെന്ന് സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.
ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച 6000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. 14 പ്രതികളുള്ള കേസില്‍ ആര്യന്‍ അടക്കം 6 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കി.
ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ ആര്യൻ ഖാന് ഒക്ടോബര്‍ 28നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നത്. രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.
















