തിരുവനന്തപുരം: എല്‍ഡിഎഫ് കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരെയും കണ്ണുനീര്‍ കുടിപ്പിച്ചുകൊണ്ട് പദ്ധതി നടപ്പാക്കില്ല. പദ്ധതി നടത്തിപ്പിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടമുണ്ടാക്കുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ട പരിഹാരം ഉറപ്പാക്കും. ആളുകളെ കുടിയിറക്കുകയല്ല പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
പദ്ധതിയെ എതിര്‍ക്കുന്നവര്‍ തന്നെ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളായി മാറും. തൃക്കാക്കര കോട്ടയാണെന്നാണ് യുഡിഎഫ് വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ യുഡിഎഫ് കുത്തക സീറ്റുകള്‍ പലതും എല്‍ഡിഎഫ് നേടി. തൃക്കാക്കര കോട്ടയും തകരുമെന്നും കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തൃക്കാക്കരയില്‍ ജോ ജോസഫ് അനുകൂല തരംഗമുണ്ടെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ഇത് തിരിച്ചറിഞ്ഞാണ് യുഡിഎഫ് നേതാക്കള്‍ പലതും വിളിച്ചു പറയുന്നത്. തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് അട്ടിമറി വിജയമുണ്ടാകും. അരുവിക്കര,കോന്നി,അഴീക്കോട്, വട്ടിയൂര്‍ക്കാവ് കോട്ടകള്‍ തകര്‍ന്നതുപോലെ തൃക്കാക്കരയിലും സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















