കാസർകോട്: രാജപുരം ചാമുണ്ഡിക്കുന്നിൽ എൻഡോസൾഫാൻ ഇരയായ മകളെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തി. രാജപുരം ചാമുണ്ഡിക്കുന്നിലെ തെക്കേതിൽ ഹൗസിൽ രഘുനാഥൻ നായരുടെ ഭാര്യ വിമലകുമാരി (58), മകൾ മാളു എന്ന രേഷ്മ (28) എന്നിവരാണ് മരിച്ചത്. രേഷ്മയെ കൊലപ്പെടുത്തി അമ്മ വിമലകുമാരി ജീവനൊടുക്കിയതായാണ് നിഗമനം.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. രേഷ്മയുടെ മൃതദേഹം വീട്ടുമുറിയിലെ കട്ടിലിലും വിമലയെ അടുക്കളയിലെ ചായ്പിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രേഷ്മയെ കഴുത്ത് മുറുക്കി കൊന്നതാണെന്ന് കരുതുന്നു. വിമല -രഘനാഥൻ നായർ ദമ്പതികൾക്ക് രേഷ്മയെ കൂടാതെ രണ്ട് ആൺകുട്ടികൾ കൂടിയുണ്ട്.
സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. .മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
















