ന്യൂഡല്‍ഹി: നേപ്പാള്‍ വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍. സാംസ്‌കാരിക ടൂറിസം മന്ത്രാലയ പ്രതിനിധി, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കമ്മിഷനാണ് രൂപീകരിച്ചത്. കാരണം വ്യക്തമായി വിശകലനം ചെയ്യാനും മാര്‍ഗ നിര്‍ദേശം സമര്‍പ്പിക്കാനുമാണ് അഞ്ചംഗ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്.
ക്യാപ്റ്റന്‍ ദീപു ജ്വര്‍ചന്‍, സീനിയര്‍ മെയിന്റനന്‍സ് എഞ്ചിനീയര്‍ ഉപേന്ദ്ര ലാല്‍ ശ്രേഷ്ഠ, സീനിയര്‍ മെറ്റീരിയോളജിസ്റ്റ് മണിരത്‌ന ശാക്യ എന്നിവരുള്‍പ്പെടെയാണ് വിമാന ദുരന്തത്തിന്റെ കാരണം തേടുന്നത്.
ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. വിമാനപകടത്തില്‍ 22 പേര്‍ മരിച്ചിരുന്നു. മുംബൈയിലെ നാലംഗ കുടുംബം അടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും രണ്ട് ജര്‍മ്മന്‍ പൗരന്മാരും 3 നേപ്പാള്‍ സ്വദേശികളായ ക്യാബിന്‍ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്.
















