ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ് പിഴ അടച്ചു. 5,000 രൂപയാണ് പിഴയായി അടച്ചത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റെയ്സിൽ പങ്കെടുത്തതിനും ആണ് പിഴ. മോട്ടോര്‍ വാഹനവകുപ്പാണ് പിഴയിട്ടത്.
ജോജു ജോർജ് നേരത്തെ ഈ കേസിൽ ഇടുക്കി ആർടിഒയ്ക്കു മുന്നിൽ നേരിട്ട് ഹാജരായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർടിഒ ജോജുവിന് നോട്ടീസ് നൽകിയിരുന്നു.
അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തിൽ അല്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നൽകിയത്. മൊഴി പരിശോധിച്ച ശേഷമാണ് ജോജുവിന് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാൻ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.
















