ജയ്പുര്‍: രാജസ്ഥാനില്‍ ശനിയാഴ്ച മൂന്ന് സഹോദരിമാരുടേയും അവരുടെ രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെടുത്ത കിണറ്റില്‍ തൊട്ടടുത്ത ദിവസം നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി.
ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് ഒരുമിച്ച് ആത്മഹത്യ ചെയ്ത സഹോദരിമാരില്‍ രണ്ട് പേര്‍ പൂര്‍ണഗര്‍ഭിണികളായിരുന്നു. അതിലൊരാള്‍ കിണറിനുള്ളില്‍ ജന്മം നല്‍കിയ കുഞ്ഞിന്റെ മൃതദേഹമാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
ഒരു യുവതിയുടെ പ്രസവം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നടക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം ദാരുണസംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
സഹോദരിമാരായ കലു (25), മംമ്ത(23), കമലേഷ് (20) എന്നിവരാണ് മരിച്ച സ്ത്രീകള്‍. കലുവിന്‍റെ മക്കളാണ് മരിച്ച രണ്ട് കുട്ടികള്‍. ഇതില്‍ ഒരാള്‍ക്ക് നാല് വയസ്സും മറ്റൊരാള്‍ക്ക് 27 ദിവസും മാത്രമാണ് പ്രായം. മരിച്ച മംമ്തയും കമലേഷും പൂര്‍ണ ഗര്‍ഭിണികളായിരുന്നു. ഇവരുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് ആരോപണമുണ്ട്. 15 ദിവസം മുൻപ് അമ്മായിയമ്മയുടെ മർദനത്തിൽ കണ്ണിനു പരിക്കേറ്റ കാലു ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് വീണ്ടും തര്‍ക്കമുണ്ടായി സഹോദരിരമാരെ കാണാതായത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മക്കളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മരിച്ച പെണ്‍കുട്ടികളുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ മൂന്ന് പേരുടെയും ഭര്‍ത്താക്കന്‍മാര്‍ക്കെതിരേയും ഭര്‍തൃമാതാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
















