അമൃത്സര്‍: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു. മാനസയില്‍ വെച്ച് അഞ്ജാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോളായിരുന്നു ആക്രമണം. 30 റൗണ്ടാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു.
മൂസേവാലയ്ക്കുള്ള സുരക്ഷ ആപ് സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സിദ്ദു മൂസേവാല.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.
പഞ്ചാബില്‍ സിദ്ദു ഉള്‍പ്പെടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. താല്‍ക്കാലിക നടപടിയാണെന്നായിരുന്നു വിശദീകരണം. തൊട്ടടുത്ത ദിവസമാണ് സിദ്ദു വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
















