കൊച്ചി: തൃക്കാക്കരയ്ക്ക് ആവേശം പകര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. ഞായറാഴ്ച വൈകുന്നേരം ആറ് മണി വരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയം. അവസാന മണിക്കൂറുകളില്‍ അത്യാവേശത്തിലാണ് മുന്നണി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും. എട്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
രണ്ട് ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ അട്ടിമറി ജയം നേടുമെന്ന് എൽഡിഎഫും ഭൂരിപക്ഷം ഉയർത്തുമെന്ന് യുഡിഎഫും അവകാശപ്പെട്ടു. ഇരു മുന്നണികളെയും ഞെട്ടിക്കുന്ന ജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം.
പാലാരിവട്ടം ജംഗ്ഷനില്‍ കൊട്ടിക്കലാശത്തിന് ഒത്തുകൂടിയ മുന്നണികള്‍ ഒന്ന് ഒന്നിനോട് മത്സരിക്കുന്നതു പോലെ കൊട്ടിക്കലാശം മാറ്റു കൂട്ടി. ആര്‍ത്തിരമ്പിയെത്തിയ അണികള്‍ക്ക് മുമ്പില്‍ ജെസിബിയില്‍ ഉയര്‍ന്ന് പൊങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ചും പാതകള്‍ വാനിലുയര്‍ത്തിയും സ്ഥാനാര്‍ത്ഥികളും അണികളെ ആവേശം കൊള്ളിച്ചു. അക്ഷരാര്‍ത്ഥത്തില്‍ മണല്‍തരിക്ക് പോലും വീഴാന്‍ ഇടമില്ലാതെ പാലാരിവട്ടം പ്രവര്‍ത്തകരെ കൊണ്ട് തിങ്ങി നിറഞ്ഞു. റോഡ് ഷോയും ബൈക്ക് റാലിയുമെല്ലാമായി അണികളെ സ്ഥാനാര്‍ത്ഥികള്‍ ആവേശം കൊള്ളിച്ചു.
നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുക എന്ന ലക്ഷ്യത്തിലാണ് എല്‍ഡിഎഫ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് നേരിട്ടെത്തിയിട്ടുണ്ട്. എൻഡിഎയുടെ പ്രചാരണജാഥ തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പാലാരിവട്ടത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് എത്തി. എ.എൻ.രാധാകൃഷ്ണനൊപ്പം പി.സി.ജോർജ്ജും വാഹനജാഥയിൽ പങ്കെടുത്തു. ഉമാ തോമസിനൊപ്പം ചലച്ചിത്രതാരം രമേശ് പിഷാരടിയും പ്രചാരണ വാഹനത്തിലുണ്ടായിരുന്നു. ഉച്ച കഴിഞ്ഞപ്പോഴേ ജനക്കൂട്ടത്തിന്‍റെ ഒഴുക്ക് തുടങ്ങിയിരുന്നു പാലാരിവട്ടത്തേക്ക്. മുന്നണികൾക്കായി മുമ്പേ അനുവദിച്ച ഇടങ്ങളിൽ പ്രവർത്തകർ അണിനിരന്നു.
നാളെ നിശബ്ദ പ്രചാരണത്തിനുള്ള ദിനമാണ്. മെയ് 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിങ് നടക്കുക.
















