ഡൽഹി: ആധാർ കാർഡ് വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ. ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിർദ്ദേശം നൽകിയതെന്നും എന്നാൽ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ പുതിയ അറിയിപ്പിൽ പറയുന്നു.
യുഐഡിഎഐ നൽകുന്ന ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർദ്ദേശമുള്ളൂ. ആധാർ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു.
















