ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഐ) പിഴ ചുമത്തിയത്.
മോശമായ രീതിയിലാണ് ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്നും ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു. ജീവനക്കാരില്‍നിന്ന് അനുകമ്പയോടെയുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കില്‍ കുട്ടിയുടെ അസ്വസ്ഥത മാറുമായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.
പ്രത്യേക സാഹചര്യങ്ങളിൽ വളരെ സൂക്ഷ്മതയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. എന്നാൽ സിവിൽ ഏവിയേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ ജീവനക്കാരന് പിഴവ് സംഭവിച്ചു. അനുകമ്പയോടുള്ള ഇടപെടൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സഹായിക്കുമായിരുന്നുവെന്നും യാത്ര നിഷേധിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.
കഴിഞ്ഞ മേയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലായിരുന്നു ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം വിമാനത്താവളത്തിലെത്തിയ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തെ തുടർന്ന് ഇൻഡിഗോയുടെ മാനേജർ യാത്ര വിലക്കുകയായിരുന്നു. ഈ സംഭവങ്ങൾ കണ്ടുകൊണ്ടിരുന്ന മറ്റൊരു യാത്രക്കാരിയായ മനീഷ ഗുപ്ത സമൂഹമാദ്ധ്യമത്തിൽ ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പ് നൽകിയതോടെയാണ് സംഭവം വിവാദമായത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിഷയത്തില്‍ ഇടപെട്ടിരുന്നു.
















