രാജ്കോട്ട്: രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കേണ്ട ഒരു അവസരവും പാഴാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്ത് ഒരു പൗരന്റേയും ശിരസ്സ് താഴുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയോ മറ്റുള്ളവരെ അതിന് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ അത്കോട്ടിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ എട്ട് വർഷമായി രാഷ്ട്രത്തിനായുള്ള സേവനത്തിൽ ഞാൻ ഒരു ശ്രമവും ഒഴിവാക്കിയിട്ടില്ല. ഇന്ത്യയിലെ ഒരാൾക്ക് പോലും ലജ്ജിച്ചു തലതാഴ്ത്തേണ്ട പ്രവൃത്തി അനുവദിക്കുകയോ വ്യക്തിപരമായി ചെയ്യുകയോ ചെയ്തിട്ടില്ല,” എന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയും സർദാർ പട്ടേലും സ്വപ്നം കണ്ട തരത്തിലുള്ള ഇന്ത്യ കെട്ടിപ്പടുക്കാൻ ഞങ്ങൾ സത്യസന്ധമായ ശ്രമങ്ങൾ നടത്തി. ഇക്കാലയളവിൽ ദരിദ്രർക്ക് അനുകൂലമായ വിവിധ പദ്ധതികളിലൂടെ അവരെ സേവിക്കുകയും ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
കോവിഡ് മഹാമാരി രാജ്യത്ത് വ്യാപിച്ചപ്പോഴും ഓരോ പൗരന്റേയും ജീവിതസാഹചര്യം മെച്ചപ്പെട്ടതാക്കാന്‍ വേണ്ടതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സർക്കാർ ദരിദ്രർക്കായി ഭക്ഷ്യധാന്യ സ്റ്റോക്കുകൾ തുറക്കുകയും ഓരോ പൗരനും പ്രതിരോധ കുത്തിവെപ്പ് നൽകുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
















