ഉടൽ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രൻസ്(Indrans) നായകനാകുന്ന വാമനന്റെ ടീസർ പുറത്ത്(Vamanan Teaser). കാട് കയറി കിടക്കുന്ന ഒരു പഴയ പള്ളിയിലേക്ക് വരുന്ന ഇന്ദ്രൻസിനെയാണ് ടീസറിൽ കാണുന്നത്. അച്ഛാ എന്ന വിളിയും പിന്നാലെ ചില ഭയപ്പെടുത്തുന്ന വിഷ്വൽസും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഹൊറർ സൈക്കോ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ബി. ബിനിലാണ്.
മൂവി ഗാങ്ങ് എന്ന യൂട്യൂബ് ചാനലിലാണ് 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ വന്നിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനിൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനൻ പറയുന്നത്. അരുൺ ശിവയാണ് ഛായാഗ്രഹണം. സന്തോഷ് വർമ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു കെ.ബി. സമഹ് അലി എന്നിവർ ചേർന്നാണ് വാമനന്റെ നിർമാണം. ബൈജു, അരുൺ, നിർമൽ പാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായർ, ദിൽസ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















