വി ഡി സവർക്കറിന്റെ ജീവിത കഥ സിനിമയാകുകയാണ്. ‘സ്വതന്ത്ര വീര സവർക്കർ’ എന്ന പേരിലുള്ള ചിത്രത്തിൽ രൺദീപ് ഹൂഡയാണ് നായകൻ.മഹേഷ് വി മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സ്വതന്ത്ര വീര സവർക്കർ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ (Swatantra Veer Savarkar first look).
ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തിൽ ഉയർത്തിക്കാട്ടുന്നതായിരിക്കും ‘സ്വതന്ത്ര വീര സവർക്കർ’ എന്ന് ചിത്രത്തിന്റെ പ്രവർത്തകർ പറയുന്നു. ‘സ്വതന്ത്ര വീര സവർക്കർ’ ഓഗസ്റ്റോടെയാകും ഷൂട്ട് തുടങ്ങുക.അവഗണിച്ച ചില കാര്യങ്ങൾ പറയാൻ ഇതാണ് ശരിയായ സമയമെന്ന് സംവിധായകൻ മഹേഷ് വി മഞ്‍ജരേക്കർ പറഞ്ഞിരുന്നു.
നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട് എന്ന് ചിത്രം സ്വീകരിച്ചതിനെ കുറിച്ച് രൺദീപ് ഹൂഡ പറഞ്ഞിരുന്നു. എന്നിരുന്നാലും, എല്ലാവർക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും രൺദീപ് ഹൂഡ പറഞ്ഞിരുന്നു
ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചഴ്‍സ്, ലെജന്റ് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിർമാണം. രൂപ പണ്ഡിറ്റും ജയ പാണ്ഡ്യയുമാണ് സഹ നിർമാതാക്കൾ. സ്വതന്ത്ര വീര സവർക്കർ എന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കെയാകും അഭിനയിക്കുക എന്ന് അറിവായിട്ടില്ല.
















