ബീഹാർ : ബീഹാറിൽ ദേശീയ പാതകളിൽ പൊതു ശൗചാലയങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കാൻ സംസ്ഥാന സർക്കാരിന് പട്ന ഹെെക്കോടതിയുടെ നിർദേശം. ദേശീയ പാതകളിൽ പൊതു ശൗചാലയങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കാൻ സംസ്ഥാന സർക്കാരിനും ദേശീയ പാത അതോറിറ്റിക്കും പെട്രോൾ പമ്പുകൾ നടത്തുന്ന എണ്ണ കമ്പനികൾക്കും കോടതി നിർദേശം നൽകി. ബിഹാർ സംസ്ഥാനത്തെ ദേശീയ പാത പദ്ധതികളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.
വൃത്തിയോടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അവകാശം മൗലിക അവകാശം തന്നെയാണ്. ജലത്തിനുള്ള അവകാശം, ആരോഗ്യത്തിനുള്ള അവകാശം, ആരോഗ്യകരമായ പരിസ്ഥിതിക്കുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളായി ഇതിനെ ബന്ധപ്പെടുത്താമെന്നും ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളും ജസ്റ്റിസ് എസ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
കേസ് പരിഗണിച്ചപ്പോൾ, ഇക്കാര്യത്തിലെ സ്ത്രീകളുടെ ദുരവസ്ഥയും ദേശീയ പാതകളിൽ മതിയായ ശുചിത്വ സൗകര്യങ്ങളുടെ അഭാവവും കോടതി പരിഗണിച്ചു.”സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി, പുരുഷന്മാർ ലജ്ജയില്ലാതെ ഹൈവേകളിൽ നിന്ന് ആവശ്യം നിറവേറ്റും, എന്നാൽ സ്ത്രീകൾ അങ്ങനെ ചെയ്യുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നില്ല, അതിനാൽ ശൗചാലയങ്ങളും മറ്റു സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്”കോടതി പറഞ്ഞു.എല്ലാ പൊതു ശൗചാലയങ്ങളിലും സാനിറ്ററി നാപ്കിനുകൾ ശരിയായ സംവിധാനത്തിൽ സംസ്‌കരിക്കുന്നതിനുള്ള മതിയായ ജീവനക്കാരെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.
















