കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, 5220 വിദേശികള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കി. ഇവരില്‍ 4552 പുതിയ പൗരന്മാരും പാകിസ്താനില്‍ നിന്നുള്ളവരാണ്. ഇന്ത്യ പൗരത്വം നല്‍കിയതിൽ 87 ശതമാനവും പാകിസ്താനില്‍ നിന്നാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് 8 ശതമാനം ആളുകൾക്കും ബംഗ്ലാദേശില്‍ നിന്ന് 2 ശതമാനം ആളുകൾക്കും ഇന്ത്യന്‍ പൗരത്വം ലഭിച്ചു.
എന്നാൽ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ലോക്സഭയെ അറിയിച്ചിരുന്നു. 2017 മുതല്‍ 2021 സെപ്തംബര്‍ 10 വരെ 6,08,162 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. പ്രതിവര്‍ഷം ശരാശരി 1,21,632 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശരാശരി 1044 പേര്‍ മാത്രമാണ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. അമേരിക്കന്‍ പൗരത്വമാണ് ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യം. ചെറിയ രീതിയില്‍ റിവേഴ്‌സ് മൈഗ്രേഷനും നടക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2021ല്‍ മാത്രം ആയിരത്തിലധികം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം 1745 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു. ഇതില്‍ 1580 അപേക്ഷകര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്നും വിവരാവകാശ രേഖയ്ക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
















