രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പേർ കസ്റ്റഡിയിൽ. അറസ്റ്റിലായ യുവാക്കളിൽ രണ്ട് പേർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതികൾ ഒഡീഷ സ്വദേശികളാണെന്നും, രാമേശ്വരത്തെ ചെമ്മീൻ ഫാമിൽ ജോലി ചെയ്യുന്നവരാണെന്നും പൊലീസ് പറഞ്ഞു.
പ്രതികൾ തമിഴോ ഹിന്ദിയോ സംസാരിക്കാത്തതിനാൽ അന്വേഷണത്തിന് സമയമെടുക്കുമെന്ന് രാമനാഥപുരം പൊലീസ് സൂപ്രണ്ട് പറഞ്ഞു. കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചു. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
മത്സ്യത്തൊഴിലാളിയായ സ്ത്രീ മെയ് 25 ന് കടൽപ്പായൽ ശേഖരിക്കാൻ വടകാട് ബീച്ച് ഭാഗത്തേക്ക് പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ സംശയം തോന്നിയ ബന്ധുക്കൾ അയൽപക്കത്ത് തെരച്ചിൽ നടത്തി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വടകാട് വില്ലേജിലെ ഓടയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കൂട്ടബലാത്സംഗം വിവരം അറിയുന്നത്.
















